ഇന്നലെ ഇന്ന്
ഇടത്തിട്ട ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ.
ഭാഗം – 2
ഈ ലോകത്ത് മനുഷ്യർ എവിടെയായിരുന്നാലും അവിടവിടങ്ങളിൽ അവർ അനുഭവിക്കുന്ന ദുരിതങ്ങളും നിസ്സഹായതകളും നിരാശ്രയത്തവും ദാരിദ്ര്യവും ഒന്നാണെന്ന ആത്യന്തികസത്യമാണ് കഴിഞ്ഞ ലക്കത്തിൽ അവതരിപ്പിച്ചത്. ഏകദേശം മുപ്പതു വർഷം മുമ്പുള്ള കേരളത്തിലെ പ്രൈമറി വിദ്യാർഥികളുടേയും സ്കൂളുകളുടേയും അവസ്ഥകളാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്. അതായത് ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സു വരെയുള്ള പഠന കാലം. അന്നത്തെ ദയനീയ അവസ്ഥയിൽ നിന്നും കേരളീയ വിദ്യാർഥി സമൂഹം ഏകദേശം വിമോചിതമായെങ്കിലും പല ഇൻഡ്യൻ സംസ്ഥാനങ്ങളിലും വിദ്യാർഥികളുടേയും വിദ്യാഭ്യാസത്തിന്റേയും അവസ്ഥ ഇന്നും പരമ ദയനീയമാണ്. മെഗസ്തനീസിന്റേയും ഇബൻ ബത്തൂത്തയുടേയും പിന്മുറക്കാരായ ലോകസഞ്ചാരികളുടേയും ബ്ലോഗർമാരുടേയും വഴിത്താരകളിലൂടെ ഞാനൊന്നു സഞ്ചരിച്ചു. ഇന്നും പല ലോക രാജ്യങ്ങളുടേയും ചായം തേച്ച ബഹുനില കെട്ടിടങ്ങൾ നിറഞ്ഞ നഗരജീവിത കാഴ്ചകൾക്കപ്പുറം ദയനീയമായ ഗ്രാമജീവിത കാഴ്ചകൾ കാണാൻ കഴിഞ്ഞു. ആവശ്യമായ ഭക്ഷണമോ പഠന സൗകര്യമോ പ്രാഥമിക ആരോഗ്യ സഹായമോ പാർപ്പിടമോ നല്ല വസ്ത്രങ്ങളോ ഇല്ലാതെ നമുക്കൊപ്പം ജീവിക്കുന്ന പതിനായിരക്കണക്കിന് കുഞ്ഞോമനകളെ അവിടങ്ങളിലൊക്കെ കാണാൻ കഴിഞ്ഞു. പുരുഷന്മാരേക്കാൾ അവഗണനയനുഭവിക്കുന്ന അശരണരായ അനേകം സ്ത്രീകളേയും അവിടെ കണ്ടു. മത വിശ്വാസങ്ങളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും പേരിൽ വിദ്യാഭ്യാസമോ സ്വാതന്ത്യമോ നൽകാതെ വരിഞ്ഞു കെട്ടി തടവിലിട്ടിരിക്കുന്ന പാർശ വൽക്കരിക്കപ്പെട്ട പതിനായിരക്കണക്കിന് സ്ത്രീ ജന്മങ്ങളേയും അവിടങ്ങളിൽ കാണാൻ കഴിഞ്ഞു. യുഗപ്രഭാവന്മാരായ മനീഷികളുടെ മഹത് വചനങ്ങൾ അവിടങ്ങളിലൊക്കെ കാറ്റിൽ പാറിപ്പറന്നു നടക്കുന്നതും കണ്ടു.
നമുക്ക് കേരളത്തിലെ കഴിഞ്ഞ കാല വിദ്യാഭ്യാസ കാലഘട്ടത്തിലേക്ക് തിരിച്ചു പോകാം. അന്ന് ഒരു വിദ്യാർഥിക്ക് പ്രൈമറി വിദ്യാഭ്യാസത്തിന് അതായത് ഒന്നാം ക്ലാസ്സു മുതൽ നാലുവരെയുള്ള പഠനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. സെക്കണ്ടറി പഠനത്തിന് അതായത് അഞ്ചാം ക്ലാസ് മുതൽ പത്തു വരെയുള്ള പഠനത്തിന് മൂന്നുനാലു കിലോമീറ്റർ ചുറ്റള വിൽ ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് ഒരു വിദ്യാർഥി ഏറെ ദൂരം നടന്നാണ് സെക്കണ്ടറിവിദ്യാഭ്യാസം ചെയ്തിരുന്നത്. ഒരു പ്രദേശത്തെ പല ക്ലാസ്സുകളിൽ പഠിക്കുന്ന ആൺ- പെൺ കുട്ടികൾ രാവിലേയും വൈകിട്ടും സ്കൂൾ വഴികളിലൂടെ ചെറിയ ചെറിയ കൂട്ടങ്ങളായി ഒഴുകിയിരുന്നു. പല വഴികളിലൂടെ ഒഴുകിയെത്തുന്ന കൂട്ടങ്ങൾ സ്കൂളിനടുത്തുള്ള പ്രധാന പാതയിൽ ഒത്തുചേരുന്നു. കൂട്ടുകാർ ഒത്തുചേരുന്നു. വഴിയരുകിൽ കൂട്ടുകാർക്കായി കാത്തു നിൽക്കുന്നു. കാത്തു നിന്ന് സമയം പോകുമ്പോൾ സ്കൂളിലേക്ക് പോയി എന്നറിയിക്കുന്നതിനായി നിശ്ചിത സ്ഥലത്ത് പച്ചിലകൾ അടയാളമായി ഇടുന്നു. കണക്ക് സാർ ഉൾപ്പെടെയുള്ള അധ്യാപകരിൽ നിന്ന് അടി കിട്ടാതിരിക്കാനായി വഴിവക്കിലെ പാഞ്ചിച്ചെടിയെ കെട്ടിയിടുക പച്ചിലകൾ പറിച്ചെടുത്ത് പോക്കറ്റിലും പുസ്തകത്തിലും തിരുകി വെയ്ക്കുക ചാണകത്തിൽ ചവിട്ടാതിരിക്കുക തുടങ്ങിയ പല മന്ത്രവാദങ്ങളും അന്നത്തെ കുട്ടികൾ ചെയ്തിരുന്നു. സ്കൂളിലേക്കുള്ള യാത്രയിൽ കഴിഞ്ഞ ദിവസം സ്കൂളിലോ ക്ലാസ്സിലോ വീട്ടിലോ നടന്ന സംഭവങ്ങളോ സിനിമക്കഥകളോ ഒക്കെയാകും കൂട്ടങ്ങളുടെ സംഭാഷണ വിഷയം. വൈകുന്നേരം വീട്ടിലേക്കുള്ള യാത്ര ഒട്ടുമിക്ക വിദ്യാർഥികളും കളി കളിലൂടെയാണ് നടത്തിയിരുന്നത്. പുല്ലിൽ ചവിട്ടിക്കളി, പോസ്റ്റിൽ തൊട്ടുകളി എന്നിവ ഇതിൽ പ്രധാനമായിരുന്നു. ഇതുകൊണ്ടുള്ള പ്രധാന നേട്ടം എത്രയും നേരത്തെ വീട്ടിലെത്താൻ കഴിയും എന്നതായിരുന്നു. അന്നത്തെ പല കുട്ടികൾക്കും വൈകിട്ട് സ്കൂൾ വിട്ടു വന്നാൽ ചെയ്യാനുള്ള ചില പണികളുണ്ട്. പശുക്കുട്ടികളെയും ആടുകളേയും തീറ്റുക, കന്നുകാലികൾക്കുള്ള പുല്ലും പോച്ചയും അരിഞ്ഞു കൊണ്ടുവരിക, മണ്ണെണ്ണ കുപ്പിയും സഞ്ചിയുമെടുത്ത് റേഷൻ കടയിൽ പോകുക, ചെറിയ കുട്ടയുമായി പലചരക്കുകടയിൽ പോയി വീട്ടിലേക്കുള്ള ഉപ്പ് മുളക് പഞ്ചസാര തുടങ്ങിയവ വാങ്ങി വരുക, വീട്ടിൽ നിന്നും പ്ലാവില, ചീര, പയർ ,പാവയ്ക്ക, കാന്താരി മുളക് ,ചക്കക്കുരു , കൈതച്ചക്ക എന്നിവ അന്തി ചന്തയിൽ കൊണ്ടുപോയി വിൽക്കുക എന്നിങ്ങനെയായിരുന്നു അക്കാലത്തെ ബഹുഭൂരിപക്ഷം കുട്ടികളുടേയും ജീവിതം . എന്നാൽ ഇന്നത്തെ കുട്ടികളുടെ ജീവിതം ഇതിൽ നിന്നൊക്കെ എത്ര വ്യത്യസ്തമാണ്. രാവിലെ വീട്ടു പടിയ്ക്കൽ നിന്നും സ്കൂൾ ബസ്സിൽ കയറി കൃത്യമായി സ്കൂളിൽ എത്തുന്നു. വൈകിട്ട് അതേ ബസ്സിൽ വീട്ടിൽ എത്തുന്നു . ബ്രോയിലർ കുട്ടികൾക്ക് വലിയൊരു ലോകം നഷ്ടപ്പെടുന്നു. വീട്ടിലെത്തിയാലോ ഭൂരിപക്ഷത്തിനും സ്നാക്സും കഴിച്ച് ട്യൂഷനോട് ട്യൂഷ്യൻ. എന്നാൽ അന്നത്തെ കുട്ടികൾക്ക് കിട്ടാതിരുന്ന അനവധി കാര്യങ്ങൾ ഇന്നത്തെ കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്നും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.
അന്ന് പല പ്രൈമറി സ്ക്കൂളുകളിൽ നിന്നെത്തുന്ന കുട്ടികൾ അഞ്ചാം ക്ലാസ്സ് പഠനത്തിനായി മൂന്നുനാലു കിലോമീറ്റർ അകലത്തുള്ള ഹൈസ്കൂളിൽ ഒത്തുചേരുന്നു. അങ്ങനെ ഞാനും ഒരു വലിയ സ്കൂളിൽ എത്തപ്പെട്ടു . രണ്ട് ഏക്കറോളം വരുന്ന വലിയ ഗ്രൗണ്ട് . ഗ്രൗണ്ടിനോട് ചേർന്ന് കുറ്റിച്ചെടികളുള്ള ഒരു വലിയ കാവ്. കാവിൽ തെറ്റിപ്പഴം വെളുത്ത അമ്മൂമ്മപ്പഴം കട്ടാരപ്പഴം ചൂരൽപ്പഴം നാക്കിനെ കരിനീല നിറമാക്കുന്ന പൊട്ടൻകലതിപ്പഴം . കാവിന് നടുവിൽ ചുറ്റും ചൂരലിനാൽ മൂടപ്പെട്ട വർഷത്തിലൊരിക്കൽ പൂജ നടക്കുന്ന ക്ഷേത്രം. ക്ഷേത്രമുറ്റത്ത് കല്ല് കൊണ്ടിടിച്ചാൽ കുന്തിരിക്കച്ചാർ ഊറി വരുന്ന വലിയൊരു പൈൻ മരം. കാവിനോട് ചേർന്ന് വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന ഒരു തോട് .ആഴമില്ലാത്ത ആ തോടിന്റെ കരയിൽ വിവിധങ്ങളായ മരങ്ങൾ. അതിനോട് ചേർന്ന് ചെറുതും വലുതുമായ വരമ്പുകളുള്ള പാടം. സാറ്റുകളിക്കുമ്പോൾ ഒളിച്ചിരിക്കാൻ ധാരാളം സ്ഥലം. പലപ്പോഴും സാറ്റ് കളി കഴിഞ്ഞ് വരുമ്പോഴേക്കും ഡ്രിൽ പീരിയേഡ് കഴിഞ്ഞിരിക്കും. ഒളിച്ചിരിക്കുന്നിടത്ത് ചിലപ്പോൾ ബെൽ ശബ്ദം കേൾക്കുകയില്ല. നിർഭാഗ്യവശാൽ ഡ്രിൽ സാറിന്റെ കൈയ്യിൽ അകപ്പെട്ടാലത്തെ കാര്യം ഇന്നും ഓർക്കുമ്പോൾ പേടിപ്പെടുത്തുന്നതാണ്. ഘടാഘടികനായ ആ അധ്യാപകൻ കുട്ടിയുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് ഇടത്തു കൈയ്യിൽ മുകളിലേക്ക് തൂക്കിയെടുക്കും അതിനു ശേഷം വലത്തു കൈയ്യിലുള്ള വലിയ ചൂരൽ കൊണ്ട് രണ്ട് അടി തരും. പത്തു ദിവസം കഴിഞ്ഞാലും കുട്ടിയുടെ രണ്ടു തുടയിലേയും അടിപ്പാട് മായാതെ കരിനീലിച്ച് തെണു ത്തു കിടക്കും. കുതിരയ്ക്ക് ചാപ്പകുത്തുന്ന സമ്പ്രദായം ആദ്യം നടപ്പിലാക്കിയത് ഷേർഷ എന്ന രാജാവായിരുന്നുവെന്ന് ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. അതുപോലെ ഈ ഡ്രിൽ സാറിന്റെ ഉഗ്രൻ ചൂരലിനാൽ ചാപ്പ കുത്തപ്പെടാനുള്ള സൗഭാഗ്യം അക്കാലത്തെ എല്ലാ കുട്ടികൾക്കും ലഭിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എത്ര ചൂരൽ ചാപ്പകൾ കുത്തപ്പെട്ടാലും പഠനത്തിൽ മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും പല പല പുതിയ കളികളിലൂടെ മുന്നേറാൻ ഞങ്ങൾ കുട്ടികൾ കഠിനമായി പരിശ്രമിച്ചിരുന്നു.ഏറുപന്തുകളി, കിളിത്തട്ടുകളി, വട്ടുകളി (ഗോലി കളി ), സിങ്ക് കളി, പൂജ്യം വെട്ട് കളി , കള്ളനും പോലീസും കളി, കുട്ടീം കോലും കളി, കബഡി തുടങ്ങിയ കളികളിൽ ഞങ്ങളിൽ പലരും ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു. പെൺകുട്ടികളും ഇക്കാര്യത്തിൽ ഒട്ടും മോശമല്ലായിരുന്നു. കല്ലുകളി, പൂജ്യം വെട്ട് , ഞൊണ്ടിക്കളി, അശു കുശലേ പെണ്ണുണ്ടോ, അടിച്ചോട്ടം എന്നീ കളികളിൽ ബിരുദാനന്തര ബിരുദമെടുത്ത വർ ഞങ്ങളുടെ ക്ലാസ്സിലുണ്ടായിരുന്നു. അക്കാലത്തെ കുട്ടികളിൽ പലരും സ്കൂളിൽ വന്നിരുന്നത് കളിക്കാൻ വേണ്ടി മാത്രമായിരുന്നു എന്നു പറഞ്ഞാൽപ്പോലും അത് അതിശയോക്തിയല്ല, കാരണം രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ പോലും ആലോചിച്ചിരുന്നത് ഗൃഹപാഠത്തെക്കുറിച്ചല്ല മറിച്ച് നാളത്തെ കളിയെക്കുറിച്ചായിരുന്നു. കണക്ക് ബുക്ക് മറന്നാലും ഏറുപന്തും ഗോലി കളും എടുക്കാൻ മറക്കില്ലായിരുന്നു.
സ്കൂളിനടുത്തുള്ള പാടത്തിൽ വർഷത്തിൽ രണ്ടു പ്രാവിശ്യം കൃഷി. ആദ്യം മരച്ചീനി കൃഷി പിന്നീട് നെൽകൃഷി . വീട്ടിൽ നിന്നും പ്രാരാബ്ദങ്ങൾ ചേർത്ത് അമ്മ കെട്ടിത്തരുന്ന വാഴയില പൊതിച്ചോറ് ഞങ്ങൾ ഉച്ചയ്ക്ക് തോടിന്റെ വക്കിലെ മരച്ചുവട്ടിലും മരച്ചീനിത്തറയിലുമിരുന്ന് ആസ്വദിച്ച് പങ്കു വെച്ച് കഴിച്ചു. തോട്ടിലെ ഒഴുക്കു വെള്ളത്തിൽ കൈ കഴുകി. പാട വരമ്പിലെ മടയിലെ തെളിഞ്ഞ വെള്ളം കൈക്കുമ്പിളിൽ കോരി ക്കുടിച്ചു. കൃഷിക്ക് രാസവളമോ രാസ കീടനാശിനികളോ ഉപയോഗിക്കാത്ത അക്കാലത്ത് പാടത്തെ വെള്ളം ആർക്കും കുടിക്കാമായിരുന്നു..
അക്കാലത്ത് ഏഴാം ക്ലാസ്സ് വരെ മാത്രമേ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് ഒരു ക്ലാസ്സിൽ പഠിച്ചിരുന്നുള്ളു. ഒന്നിച്ചാണ് പഠിച്ചിരുന്നതെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്തിരുന്നില്ല. തമ്മിൽ പറയാനും ചിരിക്കാനും കൊതിയായിരുന്നെങ്കിലും കൂട്ടുകാർ പേരു ചേർത്തു കഥയുണ്ടാക്കി വീട്ടുകാർ അറിയുമോയെന്ന വല്ലാത്ത ഒരു ഭയമായിരുന്നു. വഴിവക്കിലെ കയ്യാലയിലും സ്ക്കൂൾ ഭിത്തിയിലും അധിക ചിഹ്നം ചേർത്ത് ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും പേരെഴുതി വെയ്ക്കുന്ന ഒരു ഏർപ്പാടും അന്നുണ്ടായിരുന്നു.
അക്കാലഘട്ടത്തിൽ സ്കൂളുകളെല്ലാം രാഷ്ട്രീയ മുഖരിതമായിരുന്നു. അപ്പർ പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഹെഡ്‌മാസ്റ്ററേക്കാൾ അന്നു ഞങ്ങൾ ബഹുമാനിച്ചിരുന്നത് പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥി സംഘടന നേതാക്കളെയായിരുന്നു. രാവിലെ സ്കൂളിലെത്തിയാൽ ആദ്യം അന്വേഷിക്കുന്നത് അന്ന് സമരമുണ്ടോയെന്നാണ്. സമരമുണ്ടെന്ന് അറിഞ്ഞാൽ അന്നൊക്കെ ഒരു ഉത്സവ ആഘോഷമാണ്. സമരങ്ങളുടെ പ്രഭവ കേന്ദ്രം സ്കൂളിന്റെ താഴെപ്പുറത്തുള്ള മാവിന്റെ ചുവടാണ്. അവിടെ നിന്നുള്ള ഒരു മുദ്രാവാക്യം വിളി കേൾക്കാൻ ഞങ്ങൾ അക്ഷമരായിരിക്കും. ഒന്നാംപീരിയേഡിൽ ഹാജർ എടുത്തു കഴിയുമ്പോഴേക്കും മുദ്രാവാക്യം മുഴങ്ങിത്തുടങ്ങും. മനസ്സിൽ ലഡു പൊട്ടുന്നു. സമര സംഘം മുദ്രാവാക്യവുമായി ക്ലാസ്സിനു മുമ്പിലെത്തുന്നു. ഓരോ ക്ലാസ്സിലേയും കുട്ടികളെ ഇറക്കി സംഘം ആഫീസ് മുറിയുടെ അടുത്ത് എത്തുമ്പോഴേക്കും നീണ്ട ബെൽ ശബ്ദം മുഴങ്ങുന്നു. സ്കൂൾ വിടുന്നു. ആർപ്പുവിളികളോടെ ഞങ്ങൾ പുറത്തേക്ക് പായുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനെ ലഭിക്കുന്ന സമര ദിനങ്ങൾക്ക് കുട്ടികളായ ഞങ്ങളുടെ ജീവിതത്തിൽ അന്നൊരു പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ഇങ്ങനെ ലഭിക്കുന്ന സ്വർഗ്ഗീയ ദിനങ്ങളെ അന്ന് ഞങ്ങൾ ആവോളമാസ്വദിച്ചിരുന്നു. കൂട്ടുകാരുടെ വീട്ടിൽ പോകുക, മതിയാവോളം ഗ്രൗണ്ടിൽ കളിക്കുക, സ്കൂളിനടുത്തുള്ള കുളങ്ങളിലും പുഴകളിലും മതിയാവോളം നീന്തിക്കളിക്കുക, സ്കൂളിനടുത്തുള്ള മലകളിലും പാറകളിലും കയറുക അങ്ങനെയങ്ങനെ ഞങ്ങളുടെ മോഹങ്ങൾ പൂവണിയുന്നു. വൈകുന്നേരം പതിവു പോലെ വീട്ടിലെത്തുന്നു. വീട്ടിലറിയാതിരുന്നാൽ ഭാഗ്യം അറിഞ്ഞാൽ അടി ഉറപ്പ്.
( തുടരും)
Innale_ Innu Rajendran Unnithan Part 2